History
സമുദ്രത്താൽ ചുറ്റപ്പെട്ട ലക്ഷദ്വീപ് സമൂഹം കൊടുംകാറ്റിനും അതുപോലെ തന്നെ തീവ്രമായ ചുഴലികാറ്റിനും സാദ്ധ്യതയുള്ള പ്രദേശമാണ്. ഭൂചലനം, വെള്ളപ്പൊക്കം, വരൾച്ച എന്നീ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചതായി ലക്ഷദ്വീപിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പ്രാരംഭ ഘട്ടങ്ങളിൽ ലക്ഷദ്വീപിൽ ആഘാതമേൽപ്പിച്ച കൊടുംകാറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ഏപ്രിൽ 1847 ൽ ആണ്. ലക്ഷദ്വീപ് സമൂഹങ്ങളിൽ ഒന്നായ കൽപേനി ദ്വീപിൽ ആണ് 15 ഏപ്രിൽ 1847 ൽ വൈകുന്നേരം 8 മണിയോടുകൂടി കൊടുക്കാറ്റ് ആദ്യം ആഘാതമേൽപ്പിക്കുന്നത്. കൽപേനിയിലെ ഭൂരിഭാഗം വീടുകൾക്കും നാശനഷ്ടം സംഭവിക്കുകയും 1682 ഓളം വരുന്ന ജനസംഖ്യയിൽ നിന്നു 246 ഓളം ജനങ്ങൾ കടൽക്ഷോഭത്താൽ മരിക്കുകയും ചെയ്തു. തുടർന്ന് ആന്ത്രോത്ത്, കിൽത്തൻ ദ്വീപുകളിലും കാറ്റ് നാശം വിതച്ചിരുന്നു.
കൂടാതെ ലക്ഷദ്വീപിലെ പ്രധാന വിളയായ തെങ്ങുകൾക്കു നാശം വിതച്ച കൊടുക്കാറ്റ് 1891 ലും സംഭവിച്ചിരുന്നു. ഇതേ തുടർന്ന് അഗത്തിയിലും, അമിനി ദ്വീപ് സമൂഹങ്ങളിലും സമാനമായ നാശനഷ്ടങ്ങൾ ഉണ്ടായി.
1 ഡിസംബർ 1922 ൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റ് കൽപേനിയിൽ വീണ്ടും നാഷനഷ്ട്ടങ്ങൾക്കു കാരണമായിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്താൽ ദ്വീപിന്റെ ഇടുങ്ങിയ വടക്കുഭാഗം തിരമാലകളാൽ മൂടപ്പെടുകയും, കടൽ ദ്വീപിലൂടെ പ്രവഹിച്ചു ലഗൂൺ ഭാഗത്തു എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതുമൂലം ജീവഹാനി ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.
കൂടാതെ 1963, 1965, 1977 എന്നീ വർഷങ്ങളിലും ശക്തമായ കൊടുങ്കാറ്റ് ആന്ത്രോത്ത്, അഗത്തി, കൽപേനി, കിൽത്തൻ ദ്വീപുകളിൽ ഉണ്ടായിട്ടുള്ളതും നാഷനഷ്ട്ടങ്ങൾക്കു ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
